ഇതൊരു കെട്ടുകഥയല്ല, സ്പർശിച്ചാൽ ജീവികൾ കല്ലുപോലെയാകുന്ന തടാകം! നമുക്കു സങ്കൽപ്പിക്കാനാകാത്ത പ്രതിഭാസം! ചോരപ്പുവപ്പ് നിറമുള്ള, ശവശീരങ്ങൾ അഴുകാതെ വർഷങ്ങളോളം സൂക്ഷിക്കുന്ന വിചിത്രജലാശയം! ആഫ്രിക്കയിലെ ടാൻസാനിയയിലാണ് അവിശ്വസനീയമെന്നു തോന്നുന്ന തടാകം, ആ അതിശയ ജലാശയത്തിന്‍റെ പേര് ലേക്ക് നേട്രൺ (Lake Natron) എന്നാണ്.
ലേക്ക് നേട്രണിന്‍റെ സവിശേഷതകൾക്കു പിന്നിൽ ഭൗമശാസ്ത്രപരമായ നിരവധി കാരണങ്ങളുണ്ടെന്നു ഗവേഷകർ പറയുന്നു. തടാകത്തിന്‍റെ ചോരച്ചുവപ്പ് നിറത്തിനു പിന്നിൽ ദശലക്ഷക്കണക്കിനു വർഷങ്ങൾക്കു മുൻപു സംഭവിച്ച അഗ്നിപർവത സ്ഫോടനങ്ങളും ഭൗമമാറ്റങ്ങളുമാണു കാരണമായി വർത്തിച്ചതെന്നു ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. തടാകത്തിനു സമീപമുള്ള ഓൾ ഡോയിന്യോ ലെംഗായ് (Ol Doinyo Lengai) എന്ന അഗ്നിപർവതത്തിൽനിന്നു വലിയ തോതിൽ ധാതുക്കളും ലവണങ്ങളും തടാകത്തിലേക്ക് ഒഴുകിയെത്തുന്നു. ഇതിലടങ്ങിയിരിക്കുന്ന സോഡിയം കാർബണേറ്റ്, കാൽസ്യം ബൈകാർബണേറ്റ് എന്നിവ തടാകത്തിലെ ജലത്തെ തീവ്ര ആൽക്കലൈൻ സ്വഭാവത്തിലേക്കു മാറ്റിത്തീർക്കുന്നു.
അഴുകില്ല മൃതദേഹങ്ങൾ
ലേക്ക് നേട്രണിലെ ജലത്തിന്‍റെ പിഎച്ച് മൂല്യം 10.5 വരെയാണ്. ഇത്തരമൊരു തീവ്ര ആൽക്കലൈൻ അവസ്ഥയെ അതിജീവിക്കാൻ പല ജീവികൾക്കും കഴിയില്ല. ജീവികൾ വെള്ളവുമായി സമ്പർക്കം പുലർത്തുന്പോൾ ശരീരത്തിലെ ഈർപ്പവും കൊഴുപ്പും പൂർണമായി വലിച്ചെടുക്കപ്പെടുകയും ചത്തുവീഴുകയും ചെയ്യും. സോഡിയം കാർബണേറ്റ് ധാരാളമായി അടങ്ങിയിട്ടുള്ള തടാകത്തിലെ ജലം, പ്രകൃതിദത്ത പ്രിസർവേറ്റീവായി പ്രവർത്തിക്കുന്നതിനാൽ, ചത്തുവീഴുന്ന പക്ഷികളുടെയും ജീവികളുടെയും ശരീരങ്ങൾ അഴുകിപ്പോകാതെ വർഷങ്ങളോളം കല്ലുപോലെ ഉറച്ചുനിൽക്കും. പുരാതന ഈജിപ്തിൽ മൃതദേഹങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്നത് സോഡിയം കാർബണേറ്റ് ആണ്. ഈജിപ്തിലെ വരണ്ട തടാകക്കരകളിൽനിന്നും നൈൽ നദീതടങ്ങളിൽനിന്നും അവരിതു ഖനനം ചെയ്തെടുക്കുകയായിരുന്നു.
ലെസർ ഫ്ലെമിംഗോയുടെ പ്രജനനകേന്ദ്രം
മറ്റു ജീവികൾക്കു വിഷജലമാണെങ്കിലും ലേക്ക് നേട്രൺ പൂർണമായും ജീവരഹിതമല്ല. ഉയർന്ന ലവണാംശമുള്ള ജലത്തിൽ തഴച്ചുവളരുന്ന സൈനോബാക്ടീരിയ (ബ്ലൂ-ഗ്രീൻ ആൽഗ) പോലുള്ള സൂക്ഷ്മജീവികളാണ് തടാകത്തിന് ചോരച്ചുവപ്പ് നിറം നൽകുന്നത്. മാത്രമല്ല, മറ്റ് ഇരപിടിയൻ ജീവികൾക്ക് എത്തിപ്പെടാൻ കഴിയില്ല എന്നതിനാൽ അപൂർവയിനം ലെസർ ഫ്ലെമിംഗോ പക്ഷികളുടെ പ്രധാന പ്രജനനകേന്ദ്രം കൂടിയാണ് തടാകം. ഇവിടുത്തെ ആൽഗകളെ ആഹാരമാക്കുന്ന ഫ്ലെമിംഗോകൾക്ക് തടാകത്തിലെ വെള്ളം ദോഷകരമായി ബാധിക്കാറില്ല.
ഒറ്റപ്പെട്ടുകിടക്കുന്ന ലേക്ക് നേട്രണിന്‍റെ നിഗൂഢതകൾ പ്രകൃതിസ്നേഹികൾക്കും ശാസ്ത്രലോകത്തിനും എന്നും അദ്ഭുതമാണ്!